About us

Home / About us

പീസ് റേഡിയോ മലയാളത്തിലെ ആദ്യത്തെ വ്യവസ്ഥാപിത ഇന്റർനെറ്റ് റേഡിയോ. 3 ലക്ഷം ഡൗൺലോഡ്‌സ് 52+ പരിപാടികൾ 100+ അവതാരകർ 24 മണിക്കൂർ പ്രവർത്തിക്കുന്ന രണ്ടു റേഡിയോ സ്ട്രീമുകൾ.അന്താരാഷ്ര്ട നിലവാരമുള്ള നാല് സ്റ്റുഡിയോകൾ.ലോകത്തെ തന്നെ മുൻ നിര ചാനലുകളോട് കിടപിടിക്കുന്ന ശബ്ദ ക്ലാരിറ്റി... ഫ്രീക്വൻസി പരിമിതി ഇല്ലാത്ത കേൾവി... അറേബ്യന്‍ ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും നൂറുകണക്കിന് ശ്രോതാക്കൾ.അഞ്ചു വർഷം കൊണ്ട് ലക്ഷകണക്കിന് വ്യക്തികൾ സത്യ സന്ദേശം ശ്രവിച്ചു.. നമ്മുടെ പീസ് റേഡിയോ വളരുകയാണ് അൽ ഹംദു ലില്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ

ആ ശബ്ദത്തിന്റെ പ്രവാഹം ആരംഭിച്ചതിങ്ങനെ :

വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ എന്ന കൂട്ടായ്മ 25 ലക്ഷം വീടുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച ഡോര്‍ ടു ഡോറുകൾക്ക് ലഭിച്ച. വര്‍ധിച്ച ജന പിന്തുണയും ആളുകളുടെ അറിയാനുള്ള ആവേശവുമാണ് ഇത്തരം ഒരു സംരംഭത്തിന്റെ പ്രേരകം.

വിശുദ്ധ ഹറം ഇമാം ഡോ. ശൈഖ് സ്വാലിഹ് ബിന്‍ മുഹമ്മദ് ബിന്‍ ഇബ്‌റാഹീം അത്വാലിബ് അത് സമൂഹത്തിനു സമര്‍പ്പിച്ചതോടെ പീസ് റേഡിയോ ജനലക്ഷങ്ങളുടെ ഹൃദയ ശബ്ദമായി മാറി.പീസ് റേഡിയോ നിര്‍വഹിക്കുന്ന ദൗത്യംപീസ് റേഡിയോ ഫീഡ്ബാക്ക് ഓപ്ഷന്‍ വഴി നിരന്തരം വന്നുകൊണ്ടിരിക്കുന്ന ശ്രോതാക്കളുടെ പ്രതികരണങ്ങള്‍ റേഡിയോ നിര്‍വഹിക്കുന്ന ദൗത്യങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

മതപഠനത്തിന് അവസരം ലഭിക്കാത്തവര്‍ക്ക് പഠനാവസരം

വിവിധ ജീവിത സാഹചര്യങ്ങള്‍ കാരണം മതം പഠിക്കാന്‍ അവസരം ലഭിക്കാത്ത നിരവധി വ്യക്തികള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവര്‍ക്കുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ പീസ് റേഡിയോ. ഇത്തരം സാഹചര്യങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരു സഹോദരിയുടെ വാക്കുകള്‍ നോക്കൂ:

"എന്റെ മാതാവിന് വാര്‍ധക്യസഹചമായ രോഗങ്ങള്‍ കാരണം മനോനിലയില്‍ തകരാറുണ്ട്. ചന്നി ബാധിതയാണ് അവരിപ്പോള്‍. കണ്ണു തെറ്റിയാല്‍ കാഷ്ടം പോലും വാരിത്തിന്നുന്ന അവസ്ഥ. എനിക്ക് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യം. അങ്ങനെ എന്റെ ക്വുര്‍ആന്‍ ക്ലാസും ഖുത്ബയും എല്ലാം മുടങ്ങി. ഒന്നുമില്ലാതെ വീട്ടില്‍ തനിച്ചായി. അതിനിടയ്ക്കാണ് പീസ് റേഡിയോ എന്ന നന്മ ഞാന്‍ പരിചയപ്പെടുന്നത്. ഇപ്പോള്‍ എന്റെ എല്ലാ ദുഃഖങ്ങളും തീര്‍ന്നു. ആഴത്തില്‍ മതം പഠിക്കാനുള്ള സൗകര്യം പീസ് റേഡിയോ വഴി എനിക്ക് ലഭിക്കുന്നു."

ഏകാന്തതയിലെ കൂട്ടുകാരന്‍

ആരുമില്ലാത്തവരും അശാന്തരായി ജീവിക്കുന്നവരും അവരുടെ ആശ്വാസമായി റേഡിയോ സ്വീകരിക്കുന്നു. അന്യ രാജ്യത്ത് ജോലി ചെയ്യുന്ന ഒരു സഹോദരി എഴുതി.

"മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയാത്ത എന്റെ ജോലിസ്ഥലത്ത് ഉയരുന്ന ഏക ശബ്ദം പീസ് റേഡിയോ മാത്രമാണ്. അതെനിക്ക് നല്കുന്നത് അങ്ങേയറ്റത്തെ ആശ്വാസമാണ്. സ്വുബ്ഹിനു തൊട്ടു ശേഷമുള്ള ഒഴിവുവേളയിലും രാത്രി ഉറങ്ങുന്നതിന് മുൻപും ഏതാനും മണിക്കൂറുകളിലും ഞാന്‍ പീസ് റേഡിയോ കേള്‍ക്കുന്നു"

അശാന്ത തുരുത്തുകളില്‍ ജീവിതം തള്ളിനീക്കുന്നവരുടെ നല്ല കൂട്ടുകാരന്‍

ഒരു സഹപ്രവര്‍ത്തകന്‍ കല്യാണവീട്ടില്‍ വെച്ച് അമുസ്‌ലിമായ തന്റെ സുഹൃത്തിന് പീസ് റേഡിയോ പരിചയപ്പെടുത്തിയപ്പോള്‍ ലഭിച്ച ഉത്തരം :

"ഞാന്‍ കുറേക്കാലമായി പീസ് റേഡിയോ ശ്രോതാവാണെന്നും രോഗാവസ്ഥയില്‍ ജീവനൊടുക്കാനുള്ള എന്റെ മനസ്സിനെ ഞാന്‍ അതിജീവിച്ചത് പീസ് റേഡിയോ നൽകിയ തിരിച്ചറിവിനാൽ ആയിരുന്നു എന്നുമാണ്"

കാലിനു മാരകമായ അസുഖം ബാധിച്ച് കാല്‍ മുറിച്ചുമാറ്റേണ്ട അവസ്ഥയിൽ ബെഡിൽ കഴിയുന്ന ഒരു സഹോദരിയും സമാനമായ അനുഭവം പങ്കുവെക്കുന്നുണ്ട്

സംശയ ദൂരീകരണത്തിന്റെ അപൂര്‍വ അവസരം

ഒരു ശ്രോതാവ് എഴുതി: ഒരു അറബ് കുടുംബത്തിന്റെ വീട്ടുജോലിക്കാരിയാണ് ഞാന്‍. ഒരു സംശയമുണ്ട്, ആരോടു ചോദിക്കണമെന്നറിയില്ല. മലയാളം അറിയുന്ന ആരും ഇവിടെയില്ല. ഹജ്ജിനു പോവാന്‍ നീക്കിവെച്ച പണം ഒരാള്‍ക്ക് കടം കൊടുത്തു. പണം തിരിച്ചു ചോദിക്കാന്‍ കഴിയാത്തവിധം അദ്ദേഹം ഒരു സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടു. ഞാൻ സ്വര്‍ണം പണയം വെച്ച് ക്യാഷ് എടുത്ത് ഹജ്ജിനു പോയി. എന്റെ ഈ ഹജ്ജ് സ്വീകരിക്കുമോ?" അവര്‍ക്ക് ഈ സംശയം ചോദിക്കാന്‍ ആരുമില്ല. ഇത്തരം വ്യക്തികളുടെ ജീവിതത്തിലാണ് പീസ് റേഡിയോ ഇടപെടുന്നത്.

സ്വകാര്യങ്ങള്‍ പങ്കുവെക്കാനൊരു സ്‌നേഹിതന്‍

പലരുടെയും വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ആരുമറിയാതെ പരിഹരിക്കാനുള്ള ഒരു സംവിധാനം കൂടിയായി പീസ് റേഡിയോ ഇന്ന് മാറിയിട്ടുണ്ട്.ഒരു സഹോദരന്‍എഴുതി:

"പ്രണയത്തിലായി, രജിസ്റ്റര്‍ വിവാഹവും കഴിഞ്ഞു, ഒരു കുട്ടിയുമായി. ഈയിടെയാണ് പീസ് റേഡിയോയിലൂടെ ഇസ്‌ലാമിനെ പരിചയപ്പെടാന്‍ തുടങ്ങിയത്. തുടര്‍ച്ചയായി കേട്ടതിലൂടെ തന്റെ ജീവിതത്തില്‍ സംഭവിച്ച തെറ്റിന്റെ ഗൗരവം മനസ്സിലായി. ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് ഇതിനുള്ള ശിക്ഷാനടപടികള്‍ ഏറ്റെടുക്കാന്‍ സന്നദ്ധമാണ്. പാപം പൊറുത്തു കിട്ടുമെങ്കില്‍ മരണം ഒരു നഷ്ടമല്ല. പക്ഷേ, ഞങ്ങള്‍ക്കൊരു ചെറിയ കുഞ്ഞുണ്ട്. അവളെ എന്തുചെയ്യും? ജീവിതത്തില്‍ സംഭവിച്ച പാപത്തില്‍നിന്നു മോചനം നേടാനള്ള വഴി എന്താണ്?" ആ സഹോദരന്റെ കാര്യത്തിൽ കൃത്യമായ ഇടപെടൽ നടത്താൻ റേഡിയോക്ക് സാധിച്ചു."

കുടുംബത്തിലെ മധ്യസ്ഥന്‍

ഭര്‍ത്താവുമായുള്ള പിണക്കങ്ങള്‍, മക്കളെക്കുറിച്ചുള്ള ദുഃഖങ്ങള്‍, കുടുംബ വഴക്കിന്റെ തീക്ഷണതകള്‍, തീരാത്ത സങ്കടങ്ങള്‍, കൂട്ടുകുടുംബത്തിലെസമ്മര്‍ദ്ദങ്ങള്‍...തുടങ്ങി നിരവധി കാര്യങ്ങളിൽ കണ്ണീരണിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളോട് പീസ് റേഡിയോ സ്‌നേഹക്കൂട് സംസാരിച്ചുകൊണ്ടിരിക്കുന്നു.ചിലപ്പോഴൊക്കെ ചില തമാശകളും ഉണ്ടാകാറുണ്ട്. ഒരിക്കൽ ഭര്‍ത്താവും ഭാര്യയും പീസ് റേഡിയോയ്ക്ക് ചോദ്യമയച്ചു. രണ്ടുപേരും പരസ്പരം ഇത് രഹസ്യമാക്കി വെച്ചു. ചോദ്യത്തിന്റെ ഉത്തരം പ്രക്ഷേപണം ചെയ്യുന്ന ദിവസം രണ്ടുപേര്‍ക്കും പതിവുപോലെ ടീം റേഡിയോയുടെ നോട്ടിഫിക്കേഷന്‍ ലഭിച്ചു. ഭര്‍ത്താവിന്റെ കേള്‍വി ഭാര്യയും ഭാര്യയുടെ കേള്‍വി ഭര്‍ത്താവും ഉറപ്പുവരുത്തി. അന്നു രാത്രി രണ്ടുപേരും പരസ്പരം സംസാരിച്ചു. തെറ്റുതിരുത്തി. കാരണം, ഉത്തരം കേട്ടുകഴിഞ്ഞപ്പോള്‍ രണ്ടുപേരും പരസ്പരം പ്രതികളാണെന്നു തിരിച്ചറിഞ്ഞു.

പഠനം

അസാധ്യമായ സമയങ്ങളില്‍ പഠനം സാധ്യമാക്കുന്നുപീസ് റേഡിയോ ശ്രോതാക്കളില്‍ വലിയൊരു വിഭാഗം അവര്‍ക്ക് അലക്ഷ്യമായി നഷ്ടപ്പെട്ടുപോകുന്ന സമയങ്ങള്‍ ഇപ്പോള്‍ പഠിക്കാന്‍ ഉപയോഗിക്കുന്നു. വിരസമായ യാത്രാ സമയങ്ങള്‍ ഇപ്പോള്‍ റേഡിയോ ധന്യമാക്കുന്നു.അടുക്കള ജോലിക്കിടയിലും സഹോദരിമാര്‍ ആഴത്തിലുള്ള പഠനങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നു. കഫ്തീരിയ ജീവനക്കാര്‍, രാത്രികളില്‍ സെക്യൂരിറ്റി ജോലി നോക്കുന്നവര്‍, ദീര്‍ഘദൂര ലോറി ജീവനക്കാര്‍, പെയ്ന്റിംഗ് പോലെ നിശ്ശബ്ദമായി നിര്‍വഹിക്കുന്ന ജോലികള്‍ ചെയ്യുന്നവര്‍ തുടങ്ങി നിരവധി മേഖലകളിലെ തൊഴിലാളികള്‍ ജോലിക്കിടയിലും റേഡിയോ കേള്‍ക്കുന്നുണ്ട്

വിദ്യാഭ്യാസ രംഗത്തെ ഒരു നല്ല ഇടപെടല്‍

കരിയര്‍ സംബന്ധമായ മാര്‍ഗനിര്‍ദേശങ്ങള്‍, പരീക്ഷയുമായി ബന്ധപ്പെട്ട പഠന സഹായങ്ങള്‍, ഹോം സ്‌കൂളിംഗ് സംവിധാനങ്ങള്‍ എന്നീ ഏരിയകളില്‍ പീസ് റേഡിയോ നടത്തിയ ഇടപെടലുകള്‍ പ്രശംസനീയമാണ്. വിദ്യാഭ്യാസ മേഖലയില്‍ ഗൈഡ്‌ലൈന്‍ നല്‍കാവുന്ന മികച്ച ഫാക്കല്‍റ്റികള്‍ ടീം റേഡിയോയില്‍ത്തന്നെയുണ്ടെന്നത് ഏറെ സന്തോഷം നല്കുന്നു. 'വഴികാട്ടി' എന്ന റേഡിയോ പ്രോഗ്രാം ഇന്ന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്.പരീക്ഷ മുന്നൊരുക്കം, പരിശീലനം തുടങ്ങി നിരവധി മേഖലകള്‍ റേഡിയോ കൈകാര്യം ചെയ്യുന്നു. എസ്.എസ്.എല്‍.സി പരീക്ഷ ചോദ്യ അവലോകനം ഉള്‍പ്പെടെ ഈ രംഗത്ത് നടത്തിയ നീക്കങ്ങള്‍, വിജയകരമായ പരീക്ഷണങ്ങള്‍ നിരവധിയുണ്ട്

പൊതു നന്മകള്‍ക്ക് പിന്തുണ

സമൂഹത്തിലെ മാതൃകകള്‍ ഉയര്‍ത്തിക്കൊണ്ടു വരികയും നന്മകള്‍ പരിചയപ്പെടുത്തുകയും ചെയ്യുന്ന സെഷനുകള്‍, സര്‍ക്കാര്‍, സര്‍ക്കാരിതര സംവിധാനങ്ങളിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്ന ഗുണഫലങ്ങള്‍ സംബന്ധിച്ച ബോധവത്കരണം, ആരോഗ്യ ബോധവത്കരണം തുടങ്ങി നിരവധി മേഖലകളില്‍ പീസ് റേഡിയോ മികവാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നു.

തീവ്രവാദത്തിനെതിരെ ആശയ സമരം

യുവസമൂഹം തീവ്രവാദ ചേരിയിലേക്ക് വലിച്ചിഴക്കപ്പെടുന്ന ഇരട്ടനീതികളുടെ കാലത്ത് പീസ് റേഡിയോ പ്രമാണങ്ങളിലധിഷ്ഠിതമായ ബോധവത്കരണവുമായി സജീവമായി നിലകൊള്ളുന്നു.

പീസ് റേഡിയോ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍

മതപഠനത്തിന് അവസരം ലഭിച്ചവര്‍ക്കും ലഭിക്കാത്തവര്‍ക്കുമെല്ലാം മതപഠനം മികച്ച അക്കാദമിക നിലവാരത്തില്‍ നടത്താവുന്ന പുതിയ കോഴ്‌സുകള്‍ പീസ് റേഡിയോ ആരംഭിച്ചുകഴിഞ്ഞു. ടെക്സ്റ്റ് ബുക്ക്, ഓഡിയോ ലെക്ചറിംഗ്, ദിനേനയുള്ള ഇവാല്വേഷന്‍, ഫൈനല്‍ പരീക്ഷ, അസൈന്‍മെന്റ് തുടങ്ങി എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.നോട്ടിഫിക്കേഷന്‍ വഴി പഠിതാക്കളെ നിരന്തരം ഓര്‍മപ്പെടുത്തി ക്ലാസ് അറ്റന്റന്‍സ് കൃത്യമായി മോണിറ്റര്‍ ചെയ്യുന്നുണ്ട്. 'ലൈഫ്' എന്ന പേരില്‍ വര്‍ഷത്തില്‍ നിരവധി ഹ്രസ്വകാല കോഴ്‌സുകളും 'അന്നൂര്‍' എന്ന പേരില് ഒരു ദീര്‍ഘകാല പദ്ധതിയുമാണ് നിലവില്‍ നടക്കുന്നത്.

പീസ് റേഡിയോ വോയ്‌സ് സ്റ്റുഡിയോകള്‍

സംഗീത ശബ്ദം കൊണ്ട് കേള്‍വിയെ പിടിച്ചുനിര്‍ത്തുന്ന മീഡിയാ മത്സര കാലത്ത് പീസ് റേഡിയോ ശുദ്ധശബ്ദത്തില്‍ മാത്രം നിലകൊണ്ട് അതിന്റെദൗത്യം നിര്‍വഹിക്കുന്നു. ശബ്ദ ക്ലാരിറ്റി പീസ് റേഡിയോയുടെ ഒരു വലിയ പ്രത്യേകതയാണ്. ഇത് സാധ്യമാക്കുന്നത് നമ്മുടെ സ്റ്റുഡിയോ സംവിധാനങ്ങള്‍ വഴിയാണ്. നിലവില്‍ സ്വന്തമായി നാല് മികച്ച സ്റ്റുഡിയോകള്‍ നമുക്കുണ്ട്. കൂടാതെ, പലരുമായും സഹകരിച്ചുകൊണ്ടുള്ള ഇതര സ്റ്റുഡിയോകളും.

Read More
OUR VISION

സമൂഹത്തിന്റെ ധാര്മ്മിക ബോധവും പൗരബോധവും വളര്ത്തിളയെടുക്കുന്നതിന്‌ ... ശാസ്‌ത്ര സാങ്കേതിക രംഗത്തെ വളര്ച്ചയെ വ്യക്തിയുടെയും സമൂഹത്തിന്റെയും നന്മക്ക്‌ ഉപയോഗിക്കുകയും, സമൂഹ മാധ്യമങ്ങളില്‍ നൈതികതയില്‍ ഊന്നല്‍ നല്കിയ കൊണ്ട്‌ ഒരു പുതിയ സംസ്‌കാരം വളര്ത്തി യെടുക്കുകയും ചെയ്യുക എന്നതാണ്‌ പീസ്‌ റേഡിയോ ലക്ഷ്യമാക്കുന്നത്‌.

OUR MISSION

ഇന്റര്‍നെറ്റ്‌ മീഡിയ ഉപയോഗപ്പെടുത്തി ശരിയായ സാമൂഹിക നവോഥാനം നേടിയെടുക്കാല്‍, സമൂഹത്തില്‍ പാര്ശ്വ വല്‍കരിക്കപെട്ട വിഭാഗങ്ങളുടെ ഉന്നമനം..!

OUR AIM

പൂര്‍ണമായ റേഡിയോ സംവിധാനത്തിലൂടെ ഇസ്ലാമിക വിഷയങ്ങളില്‍ ആഴത്തില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വതന്ത്രവും ഫലപ്രദവുമായ സൌകര്യമൊരുക്കുക എന്ന മഹത്തായ പരമ പ്രധാന ലക്ഷ്യം..! നാഥന്‍ അനുഗ്രഹിക്കട്ടെ...